Thursday 3 April 2014

ജനകീയ പോലീസ്

കേരള പോലീസിന്‍റെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ ആശയം ആണ് ഇവിടെ അവതരിപ്പിക്കുന്നത്‌.

 
"മൃദു ഭാവെ, ദൃഢ കർമ്മ" എന്നതാണ് കേരള പോലീസിന്‍റെ മുദ്രാവാക്യം. പക്ഷെ ഇന്നത്തെ അവസ്ഥ എന്ന് പറയുന്നത് നമുക്ക് എന്ത് പ്രശ്നം ഉണ്ടായാലും നമ്മള്‍ കഴിയുന്നതും പോലിസിനെ സമീപിക്കാതിരിക്കാന്‍ ശ്രമിക്കും. പരാതിയുമായി ചെല്ലുന്ന ആള്‍ കൂടുതല്‍ പ്രശ്നത്തില്‍  അകപ്പെടാന്‍ സാധ്യത ഉണ്ട് എന്നത് കൊണ്ട് തന്നെയാണിത്‌. പരാതി നല്‍കാന്‍ വരുന്ന ആളെ ദിവസങ്ങളോളം സ്റ്റേഷനില്‍ തടഞ്ഞു വെക്കുന്ന അവസ്ഥയും ഇന്ന് നടക്കുന്നുണ്ട്. നമ്മള്‍ ഒരു പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുകയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥന് വേണമെങ്കില്‍ നമ്മെ വിരട്ടി വിടാം, അല്ലെങ്കില്‍ കേസില്‍ നിന്ന് പിന്തിരിപ്പിക്കാം  അതും അല്ലെങ്കില്‍ FIR ല്‍ പിന്നീടു മാറ്റം വരുത്താം, അതും അല്ലെങ്കില്‍ FIR നശിപ്പിച്ചു കളയുക തന്നെ ചെയ്യാം. അല്ലെങ്കില്‍ കുറ്റവാളിയുടെ സ്വാധീനത്തിലും നിര്‍ബന്ധത്തിലും  നമ്മുടെ മൊഴി പിന്‍വലിപ്പിച്ചെന്നും വരാം. ഇങ്ങനെ ഒക്കെ ആണ് എല്ലായിടത്തും നടക്കുന്നത് എന്നല്ല. പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒന്നും  ഇല്ല. കേരളത്തില്‍ ഇപ്പൊ ജനമൈത്രി പോലീസ് നിലവില്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ നീതി കിട്ടുന്നു എന്നൊന്നും  ഉറപ്പു വരുത്താന്‍ കഴിയുകയില്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സേവനമാണ് കേരള പോലീസ് കാഴ്ച്ചവെക്കുന്നതെങ്കിലും സമൂഹത്തില്‍ വല്യ സ്വാധീനം ഒന്നും ഇല്ലാത്തവര്‍ക്ക് പോലീസ്കാരില്‍ നിന്ന് വളരെ മോശമായ പെരുമാറ്റം അനുഭവിക്കേണ്ട സാഹചര്യം ഇന്ന് നിലവില്‍ ഉണ്ട്.

ഈ സാഹചര്യത്തില്‍ ആണ് നമുക്ക് ഒരു പുതിയ സംവിധാനം വേണ്ടി വരുന്നത്. ഈ പുതിയ സംവിധാനത്തില്‍ 'FIR Management Centre' എന്ന പേരില്‍ ഒരു പുതിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടായിരിക്കും. നമ്മള്‍ പോലിസ് സ്റ്റേഷനില്‍ പോകുന്നതിനു മുമ്പ് തന്നെ ഈ FIR സെന്‍റെറിന്‍റെ ടോല്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടണം. നമ്മള്‍ എന്ത് പരാതിയാണ് കൊടുക്കാന്‍ പോകുന്നത് എന്ന് അവര്‍ വളരെ ചുരുക്കത്തില്‍ ചോദിച്ച് മനസ്സിലാക്കും. അതെല്ലാം അവര്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടാവും. എന്നിട്ട് നമുക്ക് ഒരു താല്‍കാലിക FIR നമ്പരും തരും. ഈ നമ്പറും കൊണ്ട് ആയിരിക്കും നമ്മള്‍ പോലീസ് സ്റ്റേഷനെ സമീപിക്കുന്നത്. അവിടെ നമ്മെ  പിന്തിരിപ്പിക്കാനോ വിരട്ടി വിടാനോ പോലീസ് ഉദ്യോഗസ്ഥന് സാധിക്കുകയില്ല. അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ നമുക്ക് 'FIR Management Centre' ല്‍ വിളിച്ചു വിവരം അറിയിക്കാം. ഉടന്‍ തന്നെ പോലീസ് മേല്‍ഉദ്യോഗസ്ഥന് അതില്‍ ഇടപെടാനും നടപടി എടുക്കാനും സാധിക്കും. താല്‍കാലിക FIR നമ്പര്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ SMS ആയി അയച്ചു തരുന്നതാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ക്ക് പോലീസ് സ്റ്റേഷനു മുമ്പില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടാവും.

നമ്മുടെ മൊഴി എടുക്കുന്നതിനു മുമ്പ് പോലീസ് ഉദ്യോഗസ്ഥന്‍ 'FIR Management Centre' ല്‍ വിളിക്കും. എന്നിട്ട് താത്കാലിക FIR നമ്പര്‍ ഫോണില്‍ ടൈപ്പ് ചെയ്തു ഓഡിയോ റെക്കോഡിംഗ് സംവിധാനം ആക്ടിവേറ്റ് ചെയ്യും. അതിനു ശേഷം ആയിരിക്കും  മൊഴി എടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍റെ ചോദ്യങ്ങളും നമ്മുടെ മറുപടിയും എല്ലാം ഈ സംവിധാനത്തിലൂടെ റെക്കോര്‍ഡ്‌ ആവുകയും ചെയ്യും. പിന്നീട് അത് ഒരിക്കലും തിരുത്താനോ നശിപ്പിച്ചു കളയാനോ സാധിക്കുകയില്ല.   

ഇങ്ങനെ ഒരു സംവിധാനം നിലവില്‍ വന്നാല്‍ ആര്‍ക്കും ധൈര്യമായി പോലിസിനെ സമീപിക്കാം. മുദ്രാവാക്യത്തില്‍ പറയുന്നത് പോലെ തന്നെ  മൃദു ഭാവവും  ദൃഢ കർമ്മവും നമുക്ക് അവരില്‍ നിന്ന് ഉറപ്പു വരുത്തുകയും ചെയ്യാം. അതിനു വേണ്ടി ജനങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു പെറ്റിഷന്‍ തയ്യാറാക്കി ഒപ്പിട്ടു ഗവണ്മെന്‍റെന് സമര്‍പ്പിക്കുകയാണെങ്കില്‍ ഇങ്ങനെ ഒരു സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.   


Other Related Topics :
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് : www.vikasanam.blogspot.com
കൃഷി ഗ്രാമം : http://www.krishigramam.blogspot.sg/